ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരത്തെ പതിനാറുകാരനൊപ്പം കണ്ണൂരിലെ അഞ്ചാം ക്ലാസുകാരി മുങ്ങി; പോയത് അദ്ധ്യാപികയ്ക്ക് ഒരു മെസേജ് അയച്ച ശേഷം
കണ്ണൂർ: സ്കൂൾ വാനിൽ വിദ്യാലയത്തിലേക്ക് പുറപ്പെട്ട അഞ്ചാം ക്ളാസുകാരി പതിനാറുകാരനായ സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയത് രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും മണിക്കൂറുകളോളം മുൾമുനയിലാക്കി. കണ്ണൂരിലെ ഒരു പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തിനൊപ്പം തിയേറ്ററിലേക്കു പോയത്. ഇന്നലെ രാവിലെയാണ് സംഭവം. മണിക്കൂറുകളോളം അദ്ധ്യാപകരും കണ്ണൂർ സിറ്റി പൊലീസും നടത്തിയ തെരച്ചിലിലാണ് കണ്ണൂരിലെ തിയേറ്ററിൽ നിന്ന് സുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം മലയൻകീഴ് സ്വദേശിയാണ് പതിനാറുകാരൻ.
ക്ലാസിന്റെ ചുമതലയുള്ള അദ്ധ്യാപികയ്ക്ക് തിങ്കളാഴ്ച രാത്രി വിദ്യാർത്ഥിനി തനിക്ക് ‘പനിയാണ് നാളെ അവധിയായിരിക്കു’മെന്ന് മൊബൈലിൽ മെസേജ് അയച്ചിരുന്നു. എന്നാൽ, രാവിലെ വിദ്യാർത്ഥിനി സാധാരണ സ്കൂളിൽ പോകുന്നതുപോലെ വീട്ടിൽനിന്ന് ഇറങ്ങി. വാനിൽ കയറി സ്കൂളിന്റെ മുന്നിൽ ഇറങ്ങി. അവിടെ കാത്തുനിന്ന 16 കാരനൊപ്പം തിയേറ്ററിലേക്ക് യാത്ര തിരിച്ചു.
വിദ്യാർത്ഥിനി സ്കൂളിന്റെ മുൻപിൽ ഇറങ്ങുന്നത് ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി കണ്ടിരുന്നു. വിവരം അറിഞ്ഞ അദ്ധ്യാപിക ഡ്രൈവറുമായി സംസാരിച്ചപ്പോൾ കുട്ടി വാനിൽ ഉണ്ടായിരുന്നതായും വിവരം ലഭിച്ചു. സ്കൂളിലെത്തിയ വിദ്യാർത്ഥിനിക്ക് പിന്നെന്ത് സംഭവിച്ചു എന്നറിയാതെ പരക്കംപാഞ്ഞ അദ്ധ്യാപകർ വീട്ടിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.
കണ്ണൂർ സിറ്റി പൊലീസും പി.ടി.എ അംഗങ്ങളും പലവഴി തിരിഞ്ഞ് മണിക്കൂറുകളോളം തെരച്ചിൽ നടത്തി. സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. അതിനിടെയാണ് തിയേറ്ററിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാവാത്തതിനാൽ ഇരുവരെയും പൊലീസ് കേസെടുക്കാതെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.