സമീപത്തെ വീട്ടില്‍നിന്ന് മോഷണശ്രമത്തിനിടെ രക്ഷപ്പെട്ടയാളെന്ന് ആരോപണം
ഇടുക്കി: നെടുങ്കണ്ടം ചെമ്മണ്ണാറില്‍ വീട്ടുമുറ്റത്ത് ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് ചൊവ്വാഴ്ച രാവിലെ ചെമ്മണ്ണാറിലെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടത്. ഇയാള്‍ സമീപത്തെ രാജേന്ദ്രന്റെ വീട്ടില്‍ മോഷണത്തിനായി കയറിയിരുന്നതായും ഇവിടെനിന്ന് ഓടിരക്ഷപ്പെട്ടതിന് പിന്നാലെയാണ് സമീപത്തെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്നവിവരം. അതേസമയം, മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെമ്മണ്ണാറിലെ രാജേന്ദ്രന്റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ജോസഫ് മോഷ്ടിക്കാന്‍ കയറിയെന്നാണ് പറയുന്നത്. മോഷണശ്രമത്തിനിടെ ഗൃഹനാഥനായ രാജേന്ദ്രന് എഴുന്നേല്ക്കുകയും മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ മല്‍പ്പിടിത്തവും ഉണ്ടായി. തുടര്‍ന്ന് ജോസഫ് കുതറിമാറി ഓടിരക്ഷപ്പെട്ടെന്നാണ് രാജേന്ദ്രന് പറയുന്നത്.
ഈ സംഭവത്തിന് പിന്നാലെ രാവിലെ അഞ്ചരയോടെയാണ് ജോസഫിനെ വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന്റെ മുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപം വെട്ടുകത്തിയും ടോര്‍ച്ചും കുടയും ചെരിപ്പുകളും ഒരുകിലോ മാംസം അടങ്ങിയ കവറും ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.