പ്രവാസി യുവാവിൻ്റെ കൊലപാതകം; ക്വട്ടേഷൻ മാഫിയാ സംഘങ്ങളെ ഉടൻ പിടികൂടണം – ഡിവൈഎഫ്ഐ
മഞ്ചേശ്വരം : പൈവളിഗെയിൽ പ്രവാസി യുവാവ് അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യത്തിന് നേതൃത്വം കൊടുത്തവരുൾപ്പെടെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക്ക് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. നിലവിൽ അന്വേഷണസംഘത്തിൻ്റെ ഇടപെടൽ മാതൃകാപരമാണ്. നാടിൻ്റെ സമാധാനം കെടുത്തുന്ന ക്വട്ടേഷൻ മാഫിയാ സംഘങ്ങളുടെ സംരക്ഷകരായി മുസ്ലീംലീഗ് മാറുകയാണ്.യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ക്വട്ടേഷൻ മാഫിയാ സംഘത്തിൻ്റെ ഭാഗമാണ്. ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിയണം. ജൂലായ് 15ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പൈവളിഗെയിൽ ക്വട്ടേഷൻ മാഫിയാ സംഘങ്ങൾക്കെതിരെ ‘യൂത്ത് ഡിഫൻസ്’ സംഘടിപ്പിക്കും. പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. എം കെ ഹാഷിർ അദ്ധ്യക്ഷനായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി സാദിഖ് ചെറുഗോളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം വി സുജിത്ത്, എം വി ദീപേഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ സ്വാഗതം പറഞ്ഞു.