സിൽവർ ലൈൻ വേഗത്തിലാക്കണം; ഗവർണർ റെയിൽവേ മന്ത്രിക്കയച്ച കത്ത് പുറത്ത്
തിരുവനന്തപുരം: സിൽവൽ ലൈൻ പദ്ധതി വേഗത്തിലാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്ത് പുറത്ത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16നാണ് കത്തയച്ചത്.സിൽവർ ലൈൻ പദ്ധതിക്കായി അനുമതി തേടികൊണ്ടാണ് ഗവർണർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരിക്കുന്നത്. എന്നാൽ പദ്ധതിയെക്കുറിച്ച് പുനഃപരിശോധിക്കണമെന്നും സർക്കാർ ജനങ്ങളുടെ വികാരം മനസിലാക്കണമെന്നും പലയാവർത്തി പറഞ്ഞിട്ടുള്ളയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ കത്ത് പുറത്തുവന്നിരിക്കുന്നത്.2020ൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന പീയുഷ് ഗോയൽ പദ്ധതിക്കായി തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. പദ്ധതിയുടെ ഡിപി ആർ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനും പദ്ധതിയുടെ അനുമതി തേടി 2021 ജൂലായിൽ പ്രധാനമന്ത്രിയെ കണ്ടിരുന്നു എന്നീക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഗവർണർ കത്ത് നൽകിയിരിക്കുന്നത്.