എസ്ബിഐ ഉപഭോക്താക്കൾക്ക് അത്യാവശ്യ സേവനങ്ങൾക്ക് ബാങ്ക് ശാഖയിലേക്ക് പോകേണ്ടതില്ല; ഫോണിൽ തന്നെ നേടാം; അവധി ദിനങ്ങളിലും പ്രയോജനകരം; എങ്ങനെയെന്നറിയുക
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യഉപഭോക്താക്കൾക്ക് ബാങ്കിംഗ് എളുപ്പമാക്കുന്നതിന് അടുത്തിടെ രണ്ട് പുതിയ ടോൾ ഫ്രീ നമ്പറുകൾ അവതരിപ്പിച്ചു. ഇതോടെ ആവശ്യങ്ങൾക്കായി ബാങ്കിന്റെ ശാഖയിൽ ചുറ്റിക്കറങ്ങേണ്ടതില്ല എന്നതിന് പുറമെ, ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും എസ്ബിഐ ഉപഭോക്താക്കൾക്ക് നിരവധി സേവനങ്ങൾ ലഭിക്കും.
പുതിയ ടോൾ ഫ്രീ നമ്പറുകൾ ഏതൊക്കെയാണ്?
രണ്ട് പുതിയ ടോൾ ഫ്രീ നമ്പറുകൾ ഇവയാണ്: 1800 1234 അല്ലെങ്കിൽ 1800 2100. അധികൃതർ പറയുന്നതനുസരിച്ച്, ഈ രണ്ട് നമ്പറുകൾ ഡയൽ ചെയ്യുന്നതിലൂടെ, എസ്ബിഐ ഉപഭോക്താക്കൾക്ക് അവരുടെ ബാമിംഗ് ആവശ്യങ്ങൾ നിറവേറ്റാനാകും.
സേവനങ്ങൾ ഇവയൊക്കെ
എസ്ബിഐ ടോൾ ഫ്രീ നമ്പറുകൾ കാർഡ് ബ്ലോക് ചെയ്യലും കാർഡിന് അഭ്യർഥിക്കലും ഉൾപെടെ നിരവധി ബാങ്കിംഗ് സേവനങ്ങൾ നൽകും. സേവനങ്ങൾ 24×7 ലഭ്യമാകും, അതായത് ഉപഭോക്താക്കൾക്ക് ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ശാഖയിൽ പോകാതെ തന്നെ എസ്ബിഐ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കും.
1. 1800 1234, 1800 2100 എന്നിവ ഡയൽ ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ അകൗണ്ട് ബാലൻസ് പരിശോധിക്കാനും അവസാനത്തെ അഞ്ച് ഇടപാടുകൾ കാണാനും കഴിയും.
2. അവർക്ക് അവരുടെ എടിഎം കാർഡ് ബ്ലോക് ചെയ്യാനും പുതിയ കാർഡിന്റെ ഡിസ്പാച് സ്റ്റാറ്റസ് അറിയാനുമാകും.
3. ചെക് ബുക്കുകളുടെ ഡിസ്പാച് സ്റ്റാറ്റസ് പരിശോധിക്കാനും പുതിയ എടിഎം കാർഡിനായി അഭ്യര്ഥിക്കാനും കഴിയും.
4. ഉപഭോക്താക്കൾക്ക് അവരുടെ TDS വിശദാംശങ്ങളും നിക്ഷേപ പലിശ സർടിഫികറ്റും ഇ-മെയിൽ വഴി എസ്ബിഐ ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് ലഭിക്കും.
ടോൾ ഫ്രീ നമ്പർ സേവനം ആർക്കൊക്കെ ലഭിക്കും?
എസ്ബിഐയുടെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യത്തുടനീളമുള്ള ലാൻഡ്ലൈനുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും നമ്പറുകൾ ഡയൽ ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും എപ്പോൾ വേണമെങ്കിലും ഈ നമ്പറുകൾ ഡയൽ ചെയ്യാം. അതിനാൽ, സേവനങ്ങൾ ലഭിക്കുന്നതിന് ബ്രാഞ്ചിലേക്ക് പോകുന്നതിനുള്ള സമയവും ബുദ്ധിമുട്ടും ഇത് ലാഭിക്കുന്നു, കൂടാതെ വെബ്സൈറ്റോ ആപ് സേവനങ്ങളോ ഉപയോഗിക്കാൻ വേണ്ടത്ര ഡിജിറ്റലായി പരിചയം ഇല്ലാത്തവർക്ക് എളുപ്പവുമാണ്.