ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിയെ കൊല്‍ക്കത്തയില്‍നിന്ന് പിടികൂടി
പന്തീരാങ്കാവ്: സെല്ലര്‍ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഗ്ലാംസ് ട്രേഡിങ് കമ്പനിയുടെ കോഴിക്കോട് ജില്ലാ മാനേജര്‍ തിരുവനന്തപുരം കിളിമാനൂര്‍ കല്യാണിഭവനില് ഷിജി (40)യെ പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു.
ബംഗാള്പോലീസിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ കൊല്‍ക്കത്തയിലെ ന്യൂടൗണില്‍നിന്നാണ് ഷിജിയെ അറസ്റ്റുചെയ്തത്. പന്തീരാങ്കാവ് സ്റ്റേഷനില്‍ ലഭിച്ച പരാതിപ്രകാരം മാത്രം 23 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. മറ്റു ജില്ലകളിലേതുകൂടി കണക്കാക്കുമ്പോള്‍ ഇത് ഒരു കോടിയിലേറെവരുമെന്നാണ് സൂചന.
ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിവയുടെ സെല്ലര്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചാല്‍ 10 ദിവസത്തിനകം തുക ഇരട്ടിയാകുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. നിക്ഷേപകര്‍ക്ക് വ്യാജചെക്കുകള്‍ തയ്യാറാക്കി നല്‍കിയിരുന്നു. മുംബൈ ആസ്ഥാനമായാണ് ഗ്ലാംസ് ട്രേഡിങ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
ഫറോക്ക് അസിസ്റ്റന്റ്് കമ്മിഷണര്‍ സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം പന്തീരാങ്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസ്, സബ് ഇന്‍സ്പെക്ടര്‍ ധനഞ്ജയദാസ്, എ.എസ്.ഐ. ഹരിപ്രസാദ്, സീനിയര്‍ സി.പി.ഒ. പ്രതീഷ്, സി.പി.ഒ. കിരണ്‍ എന്നിവരടങ്ങുന്ന സംഘമാണ് ഷിജിയെ പിടികൂടിയത്.
കൊല്‍ക്കത്തയില്‍നിന്ന് ഞായറാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരേ കേസുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഗ്ലാംസ് ട്രേഡിങ് കമ്പനിക്കെതിരേ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി സ്വദേശികളായ മറ്റുപ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്.