സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ചുമ മരുന്ന് കഴിച്ച വിദ്യാർത്ഥി ആശുപത്രിയിലായി, മരുന്നല്ല കുപ്പിയാണ് വില്ലനെന്ന് അധികൃതർ
പുത്തൂർ:കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചുമയുടെ മരുന്ന് കഴിച്ച് വിദ്യാർത്ഥി അശുപത്രിയിൽ. കുറ്ററ നെടുവേലിക്കുഴി അനിൽകുമാർ – ശുഭ ദമ്പതികളുടെ മകനും കുളക്കട ഗവ.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ആഷിക്ക് അനിലിനെയാണ് (14) കൊട്ടാരക്കര താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചത്.കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് വിദ്യാർത്ഥിയെ കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേത്തിച്ചത്. ആന്റിജൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു. തുടർന്ന് ഡോകടറെ കണ്ട് ഫാർമസിയിൽ നിന്ന് ചുമയുടെ മരുന്നിനായി കുപ്പി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പുറത്ത് പോയി കൊണ്ടുവന്ന കുപ്പിയിലാണ് മരുന്ന് നൽകിയത്. വീട്ടിലെത്തി മരുന്ന് കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥിയക്ക് അസ്വസ്തത അനുഭവപ്പെട്ടത്. തുടർന്ന് കുട്ടിയെ കുളക്കട സാമുഹിക കേന്ദ്രത്തിൽ വീണ്ടും എത്തിച്ചു. നൽകിയ മരുന്നും ഒപ്പംകൊണ്ടുപോയിരുന്നു .തുടർന്ന് കൊട്ടാരക്കര താലൂക്ക് അശുപത്രിയിലേക്ക് മാറ്റി. ഇതോടെ അശ്വാസമായതായി മാതാപിതാക്കൾ പറഞ്ഞു .മരുന്ന് മാറി നൽകിയതാണെന്നും ലോഷന്റെ മണമായിരുന്നു അതിനെന്നും വിദ്യാർത്ഥിയുടെ അച്ഛൻ അനിൽ കുമാർ ആരോപിച്ചു. ഡി.എം.ഒ യ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മരുന്ന് മാറി നൽകിയെന്ന ആരോപണം ശരിയല്ലെന്ന നിലപാടിലാണ് അധികൃതർ. നിരവധിപ്പേർക്ക് ഈ മരുന്ന് നൽകിയിരുന്നതായും എന്നാൽ, അവർ ആരും പരാതിയുമായി വന്നിട്ടില്ലെന്നും മരുന്നിന്റെ സാബിളികൾ പരിശോധനയ്ക്കച്ചിട്ടുണ്ടെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബി.ജെ.പിയും ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.