തളിപ്പറമ്പ് : കണ്ണൂര്‍ തളിപ്പറമ്പിൽ നേരത്തെ തർക്കം നിലനിന്നിരുന്ന സ്ഥലത്ത് വീണ്ടും സംഘർഷാവസ്ഥ. കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കുറ്റിക്കോല്‍ സിഎച്ച് സെന്ററിനാണ് തീയിട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് ലീഗ്- സിപിഎം തര്‍ക്കം നിലനിന്നിരുന്നു. മുസ്ലിം ലീഗും സിപിഎം നേതൃത്വം നല്കുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു.
തളിപ്പറമ്പ് ജുമാ മസ്ജിദില്‍ വഖ്ഫ് ബോര്‍ഡ് നടത്തിയ പരിശോധനയെയും അതിനെ തുടർന്ന് നൽകിയ ഓഡിറ്റ് റിപോര്‍ട്ടിനെയും ചൊല്ലിയായിരുന്നു തര്‍ക്കം. ഇന്നലെ രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്ത കാര്‍ മുഖം മൂടി സംഘം ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് ഓഫിസിന് തീയിട്ടിരിക്കുന്നത്. ഓഫിസ് പൂര്‍ണമായും കത്തിനശിച്ചു. ഓഫിസ് അടിച്ചുതകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ ഫര്‍ണീച്ചറുകളും ടിവി അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റു സാധനങ്ങളും തീവച്ചു നശിപ്പിച്ചിട്ടുണ്ട്. തളിപ്പറമ്പ് പോലിസ് അന്വേഷണം തുടങ്ങി.