കാസർകോട് : കാസർകോട് തിയേറ്ററിക്സ് സൊസൈറ്റി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ചൊവ്വാഴ്ച വൈകിട്ട് ആറുമുതൽ വിവിധ കലാപരിപാടികളോടെ പുലിക്കുന്നിലെ സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ രണ്ടാമത് “ഒപ്പരം’ പുതുവർഷാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാസർകോടൻ ജനതയെ ഒപ്പം ചേർത്തു വിഭാഗീയതകൾക്കെതിരെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവ് കാട്ടിയ ഒപ്പന, തിരുവാതിര, മാർഗംകളി, ചവിട്ടുനാടകം എന്നിവയ്ക്കൊപ്പം കണ്ണൂർ കലക്ടർ ടി വി സുഭാഷ് അവതരിപ്പിക്കുന്ന ഗസൽ, കോഴിക്കോട് റിഥം ബീറ്റ്സിന്റെ മ്യൂസിക് ബാൻഡ്, നാടൻപാട്ട്, കങ്കില നൃത്തം, ഫോക് ക്ലാസിക്കൽ ഫ്യൂഷൻ, മോണോആക്ട്, പുരുഷന്മാരുടെ ഒപ്പന തുടങ്ങിയവ അരങ്ങേറും.
പുതുവർഷം പിറക്കുന്ന നിമിഷം വെറുപ്പിന്റെ പ്രതീകമായ മിസ്റ്റർ ഹേട്രഡിന് കലക്ടർ ഡോ. ഡി സജിത്ബാബു തീകൊളുത്തുന്നതോടെ ആഘോഷപരിപാടി സമാപിക്കും. വൈകിട്ട് ആറിന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, നഗരസഭാ വൈസ് ചെയർമാൻ എൽ എ മഹ്മൂദ് എന്നിവർ മുഖ്യാതിഥികളാവും. വാർത്താസമ്മേളനത്തിൽ ഹുസൂർ ശിരസ്തദാർ കെ നാരായണൻ, തിയേറ്ററിക്സ് സൊസൈറ്റി സെക്രട്ടറി ടി എ ഷാഫി, ട്രഷറർ ടി വി ഗംഗാധരൻ, അംഗങ്ങളായ ജി ബി വത്സൻ, സുബിൻ ജോസ്, ഉമേശ് സാലിയൻ, കെ എസ് ഗോപാലകൃഷ്ണൻ, അഹ്റാസ് അബൂബക്കർ എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച വൈകിട്ട് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പുലിക്കുന്നിലേക്ക് വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു. കലക്ടർ ഡോ. ഡി സജിത്ബാബു ഫ്ളാഗ്ഓഫ് ചെയ്തു.