അപമാനിച്ചു, അസഭ്യം പറഞ്ഞു, കമ്പിയിൽ പിടിച്ച് തൂക്കി; സ്വകാര്യബസ് ജീവനക്കാർക്കെതിരെ എട്ടാം ക്ലാസുകാരന്റെ പരാതി
കൽപ്പറ്റ: സ്വകാര്യബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർഥി. തന്നെ മർദ്ദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് ബസ് ജീവനക്കാർക്കെതിരേ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ചൈൽഡ്ലൈനിൽ പരാതി നൽകിയത്. കഴിഞ്ഞ മാസം 23 നാണ് പരാതിക്കിടയാക്കിയ സംഭവം. വൈകീട്ട് നാലിന് സ്കൂൾ വിട്ട് കമ്പളക്കാട്ടെ വീട്ടിലേക്കു പോകാനായി ‘ഹിന്ദുസ്ഥാൻ’ എന്ന ബസിൽ കയറിയതായിരുന്നു പതിമ്മൂന്നുകാരൻ. ബസിനുള്ളിലെ കമ്പിയിൽ മറ്റൊരു കുട്ടി പിടിച്ചു തൂങ്ങിയപ്പോൾ ക്ലീനർ ആ കുട്ടിയോട് ഒന്നും പറഞ്ഞില്ലെന്നും എന്നാൽ, അതുകഴിഞ്ഞ് പുളിയാർമല കഴിഞ്ഞുള്ള വളവിൽ ബസ് വളച്ചപ്പോൾ വീഴാൻപോയ താൻ കമ്പിയിൽ പിടിച്ചപ്പോൾ പിൻഡോറിലെ ക്ലീനർ ഷർട്ടിന്റെ കോളറിനു പിടിച്ച് താഴെ വലിച്ചിട്ടെന്നും മൂന്നുതവണ ‘തൂങ്ങെടാ’ എന്ന് ആക്രോശിച്ച് ആ കമ്പിയുടെ മുകളിൽ തൂക്കിപ്പിടിപ്പിക്കുകയും ചെയ്തെന്നുമാണ് കുട്ടിയുടെ പരാതി.
പിന്നാലെ കണ്ടക്ടറും തനിക്കുനേരെ കുട്ടികളുടെ ഇടയിൽവെച്ച് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു. എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, ഇതൊക്കെ കുറെ കണ്ടും കളിച്ചും കൊടുത്തുമാണ് ഇവിടെ എത്തിയതെന്നും തനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യടോ ബാക്കി നമുക്ക് അപ്പോൾ കാണാമെന്നും കണ്ടക്ടർ പറഞ്ഞെന്നും പരാതിയിലുണ്ട്.
യാത്രക്കാരുടെയും മറ്റു വിദ്യാർഥികളുടെയും മുന്നിൽവെച്ച് ഇവനൊക്കെ പഠിക്കുന്ന വിദ്യാലയം തുലഞ്ഞു പോകുമെന്നും തന്നെയൊക്കെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കിത്തരാം എന്നുപറഞ്ഞ് ക്ലീനർ അപമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി ചൈൽഡ്ലൈൻ കൽപ്പറ്റ പൊലീസിനും ആർടിഒയ്ക്കും കൈമാറി.