രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറി, പുതിയ മുഖം നൽകിയത് ഇം എം എസ് സർക്കാരെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പരിശീലനം പൂർത്തിയാക്കിയ 99 ഡ്രെെവർ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരത്ത് നടന്നു. പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.’പഴയകാലത്തിൽ നിന്ന് വ്യത്യസ്തമായ നിലയിലേക്ക് പൊലീസ് ഉയർന്നു. ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന മോശം പ്രതിച്ഛായ മാറി. പൊലീസിന് പുതിയ മുഖം നൽകിയത് 1957 ലെ ഇം.എം.എസ് സർക്കാരാണ്. രാജ്യം ശ്രദ്ധിക്കുന്ന സേനയായി കേരള പൊലീസ് മാറി. പൊലീസിൽ ചേരുന്നവരിൽ പ്രൊഫഷണലുകളും ഉണ്ടെന്നതാണ് പ്രത്യേകത. സേനയുടെ പ്രവർത്തന രീതിയിലും മാറ്റം വന്നു’- മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിലെ പ്രതികളെ ഇത് വരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സേനയ്ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ എത്തുകയാണ്.സ്വന്തം പാർട്ടിയുടെ ഓഫീസ് സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ചോദിച്ചിരുന്നു. കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.