ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കുട്ടന്, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന് തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ വിഷം അകത്ത് ചെന്ന നിലയിലുമാണ് ഉണ്ടായിരുന്നത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാര്‍ പറഞ്ഞു. തട്ടുകട നടത്തിയാണ് മണിക്കുട്ടന് കുടുംബം പുലര്‍ത്തിയിരുന്നത്. തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കടതുറന്നിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണോ മരണകാരണമെന്ന് പൊലീസ് അന്വേഷിച്ച് വരുന്നു.