മങ്കരയിൽ പേവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; വാക്സിൻ നൽകിയതിൽ അപാകതയില്ലെന്ന് റിപ്പോർട്ട്
പാലക്കാട്: നായയുടെ കടിയേറ്റതിനെത്തുടർന്ന് പേവിഷബാധയേറ്റ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ വാക്സിൻ നൽകിയതിൽ അപാകതയില്ലെന്ന് റിപ്പോർട്ട്. മരിച്ച പെൺകുട്ടിയ്ക്ക് പേവിഷബാധയേറ്റിരുന്നെന്നും ആരോഗ്യവകുപ്പ് റിപ്പോർട്ടിൽ പറയുന്നു. വാക്സിൻ എടുത്തതിലും ഗുണനിലവാരത്തിലും അപാകതയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലായ് 30ന് പുലർച്ചെ മൂന്നിന് മരിച്ചത്. കോയമ്പത്തൂർ നെഹ്റു കോളേജിലെ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്.
ആദ്യം വാക്സിൻ നൽകിയ സമയത്ത് തന്നെ പെൺകുട്ടിയുടെ മുറിവിൽ സിറം നൽകിയിരുന്നു. ഇതിന് കാലതാമസം ഉണ്ടായിട്ടില്ല. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് വാക്സിൻ നൽകിയത്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് സിറം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു.
കഴിഞ്ഞ മേയ് 30ന് രാവിലെ കോളേജിലേക്ക് പോകുമ്പോൾ ശ്രീലക്ഷ്മിയ്ക്ക് അയൽവീട്ടിലെ നായയുടെ കടിയേൽക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം വാക്സിൻ എടുത്തു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതോടെ മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പിറ്റേന്ന് മരണപ്പെട്ടു. അതേസമയം, പെൺകുട്ടിയുടെ മുറിവിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. പരിക്കിന്റെ ആഘാതത്തെക്കുറിച്ച് ചികിത്സിച്ച ആശുപത്രികൾ അറിയിച്ചില്ലെന്നും ശ്രീലക്ഷിയുടെ അച്ഛൻ പറഞ്ഞു.