കാസര്‍കോട് വികസന പാക്കേജ്; മഞ്ചേശ്വരം സി.എച്ച്.സിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് 3.70 കോടിയുടെ പദ്ധതി
കാസര്‍കോട് :കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം വികസനത്തിന്റെ ഭാഗമായി മഞ്ചേശ്വരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 3.70 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്. നിലവില്‍ മഞ്ചേശ്വരം സി.എച്ച്.സിയില്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സ്പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണം പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും വളരെ കാലമായി ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. 3.70 കോടി രൂപ അടങ്കലില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഫിസിയോതെറാപ്പി റൂം, ഒബ്സര്‍വേഷന്‍ റൂം, 3 ഒ.പി റൂമുകള്‍, 2 പാലിയേറ്റീവ് ഒ.പി റൂമുകള്‍, നഴ്സിംഗ് സ്റ്റേഷന്, ഇസിജി റൂം, സ്റ്റോര്‍ റൂം, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍ റൂം, സ്റ്റാഫ് നഴ്സ് റൂം, മൈനര്‍ ഒ.ടി, ലാബ്, വെയ്റ്റിംഗ് ഏരിയ, ഇന്‍ഞ്ചെക്ഷന്‍ റൂം, റിസപ്ക്ഷന്, ഇമ്മ്യൂണൈസേഷന്‍ റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സി.എഞ്ചിനീയര്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്കുളള പ്രത്യേക റാമ്പ് സൗകര്യങ്ങളും, ഡോക്ടേഴ്സിനായുളള പ്രത്യേകം ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, ബേഡഡുക്ക താലൂക്ക് ആശുപത്രി, എഫ്എച്ച്സി പാണത്തൂര്‍, പിഎച്ച്സി മാവിലാകടപ്പുറം, പി.എച്ച്.സി വെളളരിക്കുണ്ട് എന്നീ ആറ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിനായി 7.08 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പ്രവൃത്തി ഉടന്‍ ടെണ്ടര്‍ ചെയ്ത് ആരംഭിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍ അറിയിച്ചു.