ജില്ലയിലെ തെരുവ് വിളക്കുകള്‍ക്ക് ഇനി കൂടുതല്‍ തെളിച്ചം; പ്രകാശം പരത്തി നിലാവ് പദ്ധതി
കാസർകോട് : സംസ്ഥാനത്തെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിപ്പിക്കുന്ന നിലാവ് പദ്ധതിയില്‍ ജില്ലയിലെ 22 പഞ്ചായത്തുകള്‍ വിവിധ പാക്കേജുകള്‍ തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്തുകള്‍ക്ക് മുടക്കുമുതലില്ലാതെ കൂടുതല്‍ പ്രകാശം ചൊരിയുന്ന വൈദ്യുതി ഉപഭോഗം കുറഞ്ഞ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരമാണ് നിലാവ് പദ്ധതി. ഊര്‍ജ്ജ ഉപഭോഗവും പാരിസ്ഥിതികാഘാതവും കുറച്ച് ഊര്‍ജ്ജ ലാഭം നേടിക്കൊണ്ട് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ പരമ്പരാഗത തെരുവ് വിളക്കുകള്‍ക്ക് പകരമായി എല്‍.ഇ.ഡികള്‍ സ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്.
ജില്ലയിലെ അജാനൂര്‍, ചെങ്കള, ചെമ്മനാട്, കയ്യൂര്‍ ചീമേനി, മഞ്ചേശ്വരം, മധൂര്‍, തൃക്കരിപ്പൂര്‍, ബേഡഡുക്ക, ഉദുമ പഞ്ചായത്തുകള്‍ 500 ലൈറ്റുകളുടെ പാക്കേജ് തെരഞ്ഞെടുത്തു. ബദിയഡുക്ക, ബളാല്‍,കിനാനൂര്‍ കരിന്തളം, കയ്യൂര്‍ ചീമേനി, കുമ്പള, കുറ്റിക്കോല്‍, കോടോം ബേളൂര്‍, മടിക്കൈ, മൊഗ്രാല്‍ പുത്തൂര്‍, പള്ളിക്കര, പനത്തടി, പുല്ലൂര്‍ പെരിയ, മുളിയാര്‍, വെസ്റ്റ് എളേരി എന്നീ പഞ്ചയാത്തുകള്‍ 100 ലൈറ്റുകളുടെ പാക്കേജ് തെരഞ്ഞെടുത്തു. ജില്ലയില്‍ ആകെ 4100 തെരുവ് വിളക്കുകള്‍ നിലാവ് പദ്ധതിയിലുള്‍പ്പെടുത്തി വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
പദ്ധതിയുടെ സാമ്പത്തിക സഹായം കിഫ്ബിയാണ് നല്‍കുന്നത്. കെ.എസ്.ഇബി പദ്ധതി നടപ്പിലാക്കും. പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡിനാണ്. എല്‍.ഇ.ഡിയിലേക്ക് മാറുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ 75 ശതമാനം മാത്രമാണ് തിരിച്ചടക്കേണ്ടതുള്ളൂ. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും അസിസ്റ്റന്റ് സെക്രട്ടറി, വികസന സ്ഥിരം സമിതി ചെയര്മാന്, കെ.എസ്.ഇ.ബി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ അംഗങ്ങളായും അസിസ്റ്റന്റ സെക്രട്ടറി നോഡല്‍ ഓഫീസറായുമുള്ള ഗ്രാമപഞ്ചായത്ത് തല കമ്മിറ്റി പദ്ധതിയുടെ നടത്തിപ്പിനായി പ്രവര്‍ത്തിക്കും. 18, 35,70,110 വോള്‍ട്ടേജുകളുടെ എല്‍.ഇ.ഡി വിളക്കുകളുടെ അഞ്ച് പാക്കേജാണ് നിലാവ് പദ്ധതിയില്‍ ഉള്ളത്. മാറ്റി ലഭിക്കുന്ന ലൈറ്റുകള്‍ പുന: സ്ഥാപിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. എത്രയും പെട്ടെന്ന് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും നിലാവ് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് വകുപ്പെന്ന് എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു പറഞ്ഞു.