ലോഡ്ജിൽ മുറിയെടുത്ത ശേഷം ഇരുവരും വെളുത്ത നിറത്തിലുള്ള ഒരു പൊടി ശ്വസിച്ചു; യുവതിയുടെ നില അതീവ ഗുരുതരം
കൊച്ചി: ലോഡ്ജിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശിയായ പെൺകുട്ടികളിൽ ഒരാളുടെ നില അതീവ ഗുരുതരം. വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടിയുടെ തലച്ചോറിന് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. അപസ്മാരമുണ്ടായതാണ് നില ഗുരുതരമാകാൻ കാരണം. തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതോടെ കോമയിലേയ്ക്ക് പോകുന്ന സാഹചര്യമുണ്ടായെങ്കിലും നിലയിൽ നേരിയ പുരോഗതിയുണ്ട്. 48 മണിക്കൂർ വെന്റിലേറ്ററിൽ കഴിയുന്നതോടെ പെൺകുട്ടി ബോധാവസ്ഥയിലേയ്ക്ക് എത്തുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. തലച്ചോറിനെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വെന്റിലേറ്റർ മാറ്റിയാൽ അറിയാൽ കഴിയുകയുള്ളു എന്നും അവർ പറഞ്ഞു.27-ാം തീയതിയാണ് കോഴിക്കോട് സ്വദേശികളായ പെൺകുട്ടികൾ ഇടപ്പള്ളിയിലെ വിസ കേന്ദ്രത്തിൽ എത്തിയത്. ശേഷം പാലാരിവട്ടത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന വെളുത്ത പൊടി ശ്വസിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും ക്ഷീണം അനുഭവപ്പെട്ട ഇവർ എറണാകുളം നോർത്ത്, സെൻട്രൽ സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ഏതെങ്കിലും ലഹരി പദാർഥം അളവിൽ കൂടുതലായി ഉപയോഗിച്ചതാകാം ഇവരെ അവശ നിലയിലാക്കിയത് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയാണ് അവശനിലയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഒപ്പമുണ്ടായിരുന്ന കുട്ടിയെ ബന്ധുക്കൾക്കൊപ്പം തിരിച്ചയച്ചു. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണുള്ളത്. ഇവരുടെ ബന്ധുക്കൾ ഇപ്പോൾ ആശുപത്രിയിലുണ്ട്. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.