ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ച 15കാരി മരിച്ചു
ചെന്നൈ: ഗർഭം അലസിപ്പിക്കാനുള്ള ഗുളിക കഴിച്ചതിനെ തുടർന്ന് പതിനഞ്ചുകാരി മരിച്ച സംഭവത്തിൽ കാമുകനെ പൊലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്കത്തിന് സമീപമാണ് സംഭവം. മുരുകൻ എന്ന 27കാരനാണ് അറസ്റ്റിലായത്.
പെൺകുട്ടിയെ എല്ലാദിവസവും വീട്ടിൽ നിന്ന് സ്കൂളിൽ കൊണ്ടുവിട്ടിരുന്നത് മുരുകനായിരുന്നു. ഇതിനിടെയാണ് ഇവർക്കിടയിൽ അടുപ്പം വളർന്നത്. അടുത്തിടെയാണ് പെൺകുട്ടി ഗർഭിണിയായത്. തുടർന്ന് ഒരു കൂട്ടുകാരന്റെ സഹായത്തോടെ വ്യാജ സിദ്ധന്റെ പക്കൽനിന്ന് ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങി.
സ്കൂളിൽ കൊണ്ടുപോകാനെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും വഴിയിൽ വച്ച് ഗുളിക കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഗുളിക കഴിച്ചതിനുശേഷം ഇരുവരും സ്കൂളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവണ്ണാമല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മുരുകനെയും കൂട്ടുകാരൻ പ്രഭുവിനെയും അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗുളിക നൽകിയ വ്യാജ സിദ്ധനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ സ്വന്തമായി ഉണ്ടാക്കിയ ഗുളികയാണോ പെൺകുട്ടിക്ക് നൽകിയതെന്ന് സംശയമുണ്ട്.