മാസപ്പിറവി ദൃശ്യമായി, ഗൾഫിൽ ബലിപെരുന്നാൾ ജൂലായ് ഒൻപതിന്
ജിദ്ദ : ഗൾഫിൽ ബലിപെരുന്നാൾ ജൂലായ് ഒൻപതിനായിരിക്കുമെന്ന് പ്രഖ്യാപനം. സൗദി അറേബ്യയിൽ ദുൽഹിജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലായ് ഒൻപതിനാണെന്ന് സ്ഥിരീകരിച്ചത്. സൗദിയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി ദൃശ്യമായെന്ന പ്രഖ്യാപനം സൗദി സുപ്രീംകോടതിയാണ് നടത്തിയത്.
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂലായ് എട്ടിന് വെള്ളിയാഴ്ച നടക്കും. മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീർത്ഥാടകരും അധികൃതരും കടക്കും നേരത്തെ ഒമാനിലും മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.