പല്ലുതേക്കാതെ കുട്ടിയെ ഉമ്മവയ്ക്കേണ്ടെന്നു പറഞ്ഞ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കുണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാശിന്റെ ഭാര്യ ദീപിക (26)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. നാട്ടുകാര്‍ തടഞ്ഞുവച്ച അവിനാശി(30) നെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.. നിസാര കാര്യത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. പല്ലുതേക്കാതെ കുട്ടിയെ ഉമ്മവയ്ക്കേണ്ടെന്ന് ദീപിക പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായതെന്നു പറയപ്പെടുന്നു. കുപിതനായ അവിനാശ് മടവാള്‍കൊണ്ട് ദീപികയെ കഴുത്തിലും ശരീരത്തിലും വെട്ടുകയായിരുന്നു. ദീപികയുടെ ശരീരത്തില്‍ മുപ്പതോളം വെട്ടുകളുള്ളതായി പോലീസ് പറഞ്ഞു.
നിലവിളി കേട്ട് അവിനാശിന്റെ അമ്മ ഗീത ഓടിയെത്തിയപ്പോള്‍ ദീപിക രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണു കണ്ടത്. ഇതിനിടെ നാട്ടുകാരും ഓടിയെത്തി. ഗുരുതരമായി വെട്ടേറ്റ ദീപികയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച അവിനാശിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
രണ്ടരവര്‍ഷം മുമ്പാണ് കോയമ്പത്തൂര്‍ കൊണ്ടസാമി സ്ട്രീറ്റിലെ വാസന്തി-രവിചന്ദ്രന്‍ ദമ്പതികളുടെ മകളായ ദീപികയെ അവിനാശ് വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു. ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അവിനാശ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കു മാനസികപ്രശ്നങ്ങളുണ്ടോ എന്നു വ്യക്തമായിട്ടില്ല.
നാലുവര്‍ഷം മുമ്പ് അവിനാശ് കോട്ടയം പാലായില്‍നിന്നു വിവാഹം കഴിച്ച് ബന്ധം വേര്‍പ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. കൃഷ്ണദാസ്, ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാര്‍, എസ്.ഐ. കെ.ആര്. കെസ്റ്റിന് എന്നിവരുടെ നേതൃത്വത്തില്‍ അവിനാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി.