മുഹമ്മദ് സുബൈറിനെതിരെ പരാതിനൽകിയ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷം; പിന്നില്‍ ബി ജെ പി ഐടി സെല്ലെന്ന് ആരോപണം
ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ പരാതി നൽകിയ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായി. ഹനുമാൻ ഭക്ത് എന്ന ട്വിറ്റർ അക്കൗണ്ടാണ് അപ്രത്യക്ഷമായത്. കുറച്ചു മാസങ്ങൾക്ക് മുമ്പ് മാത്രം ആരംഭിച്ച ട്വിറ്റർ അക്കൗണ്ടാണ് ഇത്. ഇതിൽ നിന്ന് ഡൽഹി പോലീസിനെ ടാഗ് ചെയ്തുകൊണ്ട് വന്ന ഒരു പോസ്റ്റാണ് സുബൈറിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്.
‘@balajikijaiin’ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഈ മാസം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുക എന്ന മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ സംശയകരമായ ഒരു ചിത്രം സുബൈര്‍ ട്വീറ്റ് ചെയ്തുവെന്നാണ് കേസെന്നാണ് പോലീസ് പറയുന്നത്. 2018-മാര്‍ച്ചിലാണ് സുബൈര്‍ ഈ ട്വീറ്റ് ചെയ്തിരുന്നത്.
കേന്ദ്ര സർക്കാർ വന്നതിന് ശേഷം മതപരമായ ഇടപെടൽ രാജ്യത്തിന്റെ പല ഭാഗത്തുണ്ടായത് ചൂണ്ടിക്കാട്ടി 1983-ലെ സിനിമയിലെ ഒരു രംഗമാണ് സുബൈർ ട്വീറ്റ് ചെയ്തത്. ഇത് ഭക്തരുടെ വികാരം വ്രണപ്പെടുത്തി എന്നായിരുന്നു പരാതി. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്.
എന്നാൽ പരാതി നൽകിയ ഈ ട്വിറ്റർ അക്കൗണ്ടാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. ഇത് ബിജെപിയുടെ ഐടി സെല്ലിന്റെ അക്കൗണ്ടാണ് എന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.