യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴ: സിനിമാ നിർമാണത്തിലെ സാമ്പത്തിക ഇടപാടുകളുടെ തുടർച്ചയെന്നോണം യുവാവിനെ തട്ടിക്കൊണ്ടുപോയി ഹോട്ടലിൽവെച്ച് മർദിച്ച കേസിലെ മൂന്ന് പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി മലപ്പുറം, തിരൂരങ്ങാടി അരിയല്ലൂർ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനു സമീപം കാവുകളത്തിൽ സനീഷ് അയ്യപ്പൻ (46), രണ്ടാം പ്രതി കൊടക്കാട് കാവുകളത്തിൽ അമ്പലത്തിനു സമീപം കാവുകളത്തിൽ രാജേഷ് വാസു (38), മൂന്നാം പ്രതി വൈക്കം ഉദയനാപുരം ബ്ലോക്ക് ഓഫീസിനു സമീപം കുറ്റുവേലിയിൽ അർജുൻ മോഹൻ (25) എന്നിവരാണ് പിടിയിലായത്.
പോലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്ന അഞ്ച് പേരിൽ തലയോലപ്പറമ്പ് മറവൻതുരുത്ത് കുലശേഖരമംഗലം നടുക്കാരിയിൽ സജി (45), മറവൻതുരുത്ത് കടൂക്കര ജങ്ഷൻ ഭാഗത്ത് കാട്ടിപ്പറമ്പിൽ അനൂപ് (36) എന്നിവർ ജൂൺ 10-ന് പിടിയിലായിരുന്നു. മേയ് ഏഴിനാണ് സംഭവം നടന്നത്.
കോഴിക്കോട്ടുനിന്നു വന്ന് മൂവാറ്റുപുഴ വാളകം മേക്കടമ്പിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെയാണ് കലൂരിൽനിന്ന് തട്ടിക്കൊണ്ടു പോയി വൈക്കത്തുള്ള ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചത്. ഇതിന്റെ പിറ്റേന്ന് യുവാവ് താമസിക്കുന്ന മേക്കടമ്പിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ സിനിമയ്ക്ക് വാടകയ്ക്ക് നൽകുന്ന ഒരു കോടി രൂപ വിലവരുന്ന ഉപകരണങ്ങൾ തട്ടിക്കൊണ്ടുപോയി. യുവാവിന്റെ ഭാര്യയെയും മകളെയും അമ്മയെയും ഉപദ്രവിച്ചതായും കേസുണ്ട്.
കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്.ഐ.യെ സസ്പെൻഡ് ചെയ്തിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികൾക്കായി ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലടക്കം തിരച്ചിൽ നടത്തിയിരുന്നു. ആലുവയിലെ ഫ്ളാറ്റിൽ ഒളിവിൽ കഴിഞ്ഞ പ്രതികളിലൊരാൾ പോലീസ് എത്തുന്നതിന് തൊട്ടു മുൻപ് ബെംഗളൂരുവിലേക്ക് കടക്കുകയും ചെയ്തു. കേസിലെ പ്രധാന സൂത്രധാരനും പ്രതിയും കൂട്ടാളികളും ഇതോടെ പിടിയിലായി.