പൗരത്വ പ്രക്ഷോഭം:കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം ലംഘിച്ച മുഖ്യമന്ത്രി മുസ്ലിംകളെ വഞ്ചിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന ഉറപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുവാങ്ങി വീണ്ടും അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അവരെ വഞ്ചിച്ചുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് നല്കിയ വാഗ്ദാനം പാലിക്കാന്‍ പിണറായി വിജയന് തയ്യാറായിട്ടില്ല. മുസ്ലിംകള്ക്കെതിരായ കേസുകളില്‍ പോലിസിനെ ഉപയോഗിച്ച് അവരെ വേട്ടയാടാനുള്ള അമിതാവേശം പൗരത്വ പ്രക്ഷോഭ കേസുകളിലും പിണറായി സര്‍ക്കാര്‍ പിന്തുടരുകയാണ്. സംഘപരിവാരത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണോ ഇത്തരമൊരു നിലപാടുമായി മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന വിവിധ സംഭവങ്ങളില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിഎഎ വിരുദ്ധ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാണ് ഇതെന്ന് അന്നുതന്നെ അക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തുടനീളം 6847 പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തുകൊണ്ട് രജിസ്റ്റര്‍ ചെയ്ത 835 കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് 34 കേസുകള്‍ മാത്രമാണ്.
തിരുവനന്തപുരം സിറ്റി- 39, തിരുവനന്തപുരം റൂറല്‍- 47, കൊല്ലം സിറ്റി- 15, കൊല്ലം റൂറല്‍-29, പത്തനംതിട്ട- 16, ആലപ്പുഴ- 25, കോട്ടയം- 26, ഇടുക്കി- 17, എറണാകുളം സിറ്റി- 17, എറണാകുളം റൂറല്‍ – 38, തൃശൂര്‍ സിറ്റി – 66, തൃശൂര്‍ റൂറല്‍- 20, പാലക്കാട്- 85, മലപ്പുറം – 93, കോഴിക്കോട് സിറ്റി- 56, കോഴിക്കോട് റൂറല്‍- 103, വയനാട്- 32, കണ്ണൂര്‍ സിറ്റി- 54, കണ്ണൂര്‍ റൂറല്‍- 39, കാസര്‍കോട്- 18 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ സിറ്റിയില്‍ 12 കേസുകളും കണ്ണൂര്‍ റൂറലില്‍ 16 കേസുകളും എറണാകുളം റൂറലില്‍ 6 കേസുകളും ഉള്‍പ്പടെ 34 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചിട്ടുള്ളത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 2018ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയുണ്ടായ കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ശബരിമലയുടെ പേരുപറഞ്ഞ് സംസ്ഥാനത്തുടനീളം നാമജപയാത്രയ്ക്ക് നേതൃത്വം നല്കിയ ആര്‍എസ്എസ് അക്രമത്തിലൂടെ 1.45 കോടിയുടെ പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ആര്‍എസ്എസിനെ തലോടുന്ന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ വിമര്‍ശനം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് തൂക്കമൊപ്പിക്കാനാണ് സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസും പിന്‍വലിക്കാന്‍ അന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സിഎഎ വിരുദ്ധ സമരങ്ങളുടെ ഭാഗമായി പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നു. കേരളത്തിലെവിടേയും അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടില്ല.
എന്നാല്‍, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ആര്‍എസ്എസ്- ബിജെപി പ്രതിഷേധങ്ങളുടേയും ഹര്‍ത്താലിന്റേയും മറവില്‍ കേരളത്തിലുടനീളം വ്യാപകമായ അക്രമങ്ങളും നാശനഷ്ടങ്ങളുമുണ്ടായി. ബോംബേറും പോലിസ് സ്റ്റേഷന് ആക്രമണങ്ങളും കലാപാഹ്വാനങ്ങളും ബസ്സുകള്‍ കത്തിക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങളും അരങ്ങേറി. ശബരിമലയുമായി ബന്ധപ്പെട്ട ആയിരത്തോളം അക്രമങ്ങളിലും പ്രതിഷേധങ്ങളിലും മുപ്പത്തിമൂവായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമങ്ങളില്‍ 150 പോലിസുകാര്‍ക്കടക്കം 302 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഹര്‍ത്താല്‍, വഴിതടയന്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലിസ് ചുമത്തിയിരുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെല്ലാം സമാധാനപരമായിരുന്നു. പ്രകടനം നടത്തി പ്രതിഷേധിച്ചതിന്റെ പേരിലാണ് ഇത്രയുമേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയെല്ലാം ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണെന്ന് ബോധ്യമായിട്ടും വാഗ്ദാനം പാലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവാത്തത് സംശയാസ്പദമാണ്. ഈ കേസുകള്‍ പിന്‍വലിക്കാതിരിക്കാനുളള കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അല്ലെങ്കില്‍ പൊതുജനത്തിന് നല്കിയ വാഗ്ദാനം പാലിക്കാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാട്ടണമെന്നും എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു