കയറില്‍ തലകീഴായി കെട്ടിതൂക്കി, മുളവടി, ചുറ്റിക പിടികൊണ്ട് മര്‍ദ്ദിച്ചു
കാസര്‍കോട്: തടവില്‍ പാര്‍പ്പിച്ച സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദ്ധിഖിന്റെ സുഹൃത്ത് അന്‍സാരി. മുളവടി, ചുറ്റികയുടെ പിടി എന്നിവ കൊണ്ട് സംഘം മർദ്ദിച്ചു. കയറിൽ തലകീഴായി കെട്ടിത്തൂക്കി ശരീരം മുഴുവൻ മർദ്ദിച്ചെന്നും അന്‍സാരി പറഞ്ഞു. അബൂബക്കർ സിദീഖിനെ മർദിക്കാൻ സംഘം പറഞ്ഞു. എന്നാല്‍ അത് വിസമ്മതിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സിദ്ധിഖിന്റെ മുന്നിൽ വച്ച് സഹോദരൻ അൻവറിനേയും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. സംഘാംഗങ്ങളെ കണ്ടാൽ തിരിച്ചറിയുമെന്നും അൻസാരി പറഞ്ഞു.
ക്വട്ടേഷൻ സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് അബൂബക്കര്‍ സിദീഖിന്റെ സഹോദരന് അന്‍വര്‍ ഹുസൈനും പറഞ്ഞിരുന്നു. തലകീഴായി കെട്ടിത്തൂക്കിയും മർദിച്ചു. കൂടെ ഉണ്ടായിരുന്ന അന്‍സാരിയേയും തന്നേയും രണ്ടിടങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നും അന്‍വര്‍ ഹുസൈന് പറഞ്ഞു. അനവർ ഹുസൈൻറെ സഹോദരൻ അബൂബക്കർ സിദ്ദിഖ് ക്വട്ടേഷൻ സംഘത്തിന്റെ ക്രൂര മർദനത്തെ തുടര്‍ന്നാണ് മരിച്ചത്.
തലച്ചോറിനേറ്റ ക്ഷതമാണ് അബൂബക്കര്‍ സിദ്ധിഖിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലുള്ളത്. അരയ്ക്ക് താഴെ നിരവധി തവണ മർദനമേറ്റ പാടുകളുണ്ട്. കാൽ വെള്ളയിലും അടിച്ച പാടുകൾ ഉണ്ട്. നിതംബത്തിലെ പേശികൾ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായി. നെഞ്ചിന് ചവിട്ടേറ്റു എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിനേറ്റ ക്ഷതം മനസിലാക്കാൻ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. മയോഗ്ലോബിൻ പരിശോധനയാണ് നടത്തുക.