നാട്ടുക്കാർ അസീസെ എന്ന് വിളിച്ച് തോളിൽ കയ്യിടാൻ സ്വാതന്ത്ര്യം ഉള്ള പോലീസ് ഉദ്യോഗസ്ഥൻ ഈ കടുംകൈ ചെയ്യുമെന്ന് ആരും കരുതിയില്ല. എഎസ്ഐ യുടെ ആത്മഹത്യയിൽ ഞെട്ടി കാസർകോട്.
വെള്ളരിക്കുണ്ട്: എഎസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളരിക്കുണ്ട് സ്വദേശിയും കാസര്‍കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐയുമായ അബ്ദുല്‍ അസീസിനെ (48) ആണ് വെള്ളരിക്കുണ്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.മരണകാരണം പുറത്ത് വന്നിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര് മരണവിവരമറിഞ്ഞ് വെള്ളരിക്കുണ്ടില്‍ എത്തിയിട്ടുണ്ട്.
കാസർകോട് സർവ്വർക്കും പ്രിയങ്കരനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു മരണപ്പെട്ട അസീസ്. ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന അസീസ് പോലീസ് സേനയിലും ജനങ്ങൾക്കിടയിലും മികച്ച ഉദ്യോഗസ്ഥൻ എന്ന പേര് കരസ്ഥമാക്കിയിരുന്നു.
വളരെ സൗമ്യമായ ഭാഷയിൽ ശാന്തമായി ഈണത്തിൽ മോനെ.. മക്കളെ എന്ന് ചേർത്താണ് സാധാരണ ആളുകളെ അസീസ് അഭിസംബോധന ചെയ്യാറുള്ളത് . ഇദ്ദേഹത്തിൻറെ ഈ രീതിയിലുള്ള പെരുമാറ്റം തന്നെയാണ് ഏവർക്കും പ്രിയങ്കരനാക്കി മാറ്റിയത്.
സാമൂഹ്യ പ്രവർത്തനങ്ങളിലും ഏറെ തൽപ്പരനായിരുന്നു , സ്വദേശത്ത് എന്ത് പ്രശ്നം ഉണ്ടായാലും മുൻനിരയിൽ നിന്ന് അത് പരിഹരിക്കാൻ അസീസ്ക്ക കഴിഞ്ഞെ മറ്റാരും ഉള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത് .
ചില കുടുംബ പ്രശ്നം ഉണ്ടായിരുന്നതായി വിവരം പുറത്ത് വരുന്നുണ്ട്. എന്നാലും എല്ലാ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന അസീസിന് അത് തരണം ചെയ്യാൻ സാധിക്കുന്ന കാര്യം മാത്രമായിരുന്നു എന്നാണ് പലരും കരുതുന്നത്. ആത്മഹത്യചെയ്യാൻ മാത്രം ഭീരുവായി ആരും അസീസിനെ കാണുന്നില്ല. പിന്നെ എന്തിനാണ് ഇത് ചെയ്തതെന്ന് അറിയാത്ത നാട്ടുകാർ അമ്പരക്കുകയാണ്.
വെള്ളരിക്കുണ്ട് കമ്മാടത്താണ് വീട്. കുന്നുംകൈ പാലക്കുന്ന് സ്വദേശിയും ഇപ്പോള്‍ പരപ്പ പുലിയംകുളം താമസക്കാരനുമാണ്. മമ്മു (മുഹമ്മദ്) ചിറമ്മല്‍, ഹലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ജസീല. മക്കള്‍ അഖീല (21), ജവാദ് (17). സഹോദരങ്ങള്‍ ഖാസിം, സലാം, സഫിയ, അസ്മ, സാജിദ, മൈമൂന.