പതിനാറുകാരിക്കെതിരായ അതിക്രമം: പ്രതികളായ ട്രെയിന്‍ യാത്രികരെ തിരിച്ചറിഞ്ഞു, ഒളിവിലെന്നും പൊലീസ്
തൃശ്ശൂര്‍: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം ഉണ്ടായ സംഭവത്തിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പൊലീസ് അലംഭാവത്തിൽ പ്രതിഷേധിച്ച് ദളിത് കോണ്‍ഗ്രസ് തൃശ്ശൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ ധർണ്ണ നടത്തി. എന്നാല്‍, മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നല്കുന്ന വിശദീകരണം.
ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ഒളിവിലെന്നാണ് കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവെ പൊലീസ് പറയുന്നത്. സംഭവ ദിവസം ഇവർ ഇറങ്ങിയ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികളിൽ ഒരാളുടെ ഫോട്ടോ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയും അച്ഛനും തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരെയും പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് തൃശ്ശൂർ റെയിൽവെ സ്റ്റേഷനിലേക്ക് ദളിത് കോണ്‍ഗ്രസ് ധർണ്ണ നടത്തിയത്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആലത്തൂർ എംപി രമ്യ ഹരിദാസ് ഡിജിപിക്കും, ദേശീയ എസ്എടി കമ്മീഷനും കത്തയച്ചു.
കഴിഞ്ഞ ദിവസം, കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവേ പൊലീസ് തൃശ്ശൂരിൽ എത്തി പെണ്‍കുട്ടിയുടേയും അച്ഛന്റേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച വൈകീട്ടാണ് എറണാകുളം ഗുരുവായൂർ പാസഞ്ചറിൽ വച്ച് പതിനാറു വയസ്സുള്ള പെണ്‍കുട്ടിക്കും അച്ഛനും അതിക്രമം നേരിട്ടത്.