യുവ നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു
കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യുന്നതിനിടെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് പൊലീസ് വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
രാവിലെ ഒമ്പത് മണിക്ക് തന്നെ വിജയ്ബാബു ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പൊലീസ് വിജയ് ബാബുവിനെ കൊച്ചിയിലെ ആഢംബര ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. ഈ ഹോട്ടലില്‍ വച്ചും വിജയ് ബാബു ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പരാതിപെട്ടിരുന്നു.
പെൺകുട്ടി പരാതിയില്‍ പറഞ്ഞ നമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് ഇന്നലേയും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതടക്കം വിവിധ ഫ്ലാറ്റുകളിലും ഹോട്ടലിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പരാതി ഉന്നയിച്ചിരുന്നത്. അടുത്ത മാസം 3 വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് കോടതി വിജയ് ബാബുവിന് നല്‍കിയിട്ടുള്ള നിർദേശം