ഉദ്ഘാടകനെച്ചൊല്ലി തർക്കം, മൈക്കിനായി പിടിവലിയും കൈയാങ്കളിയും: സിനിമയെ തോൽപ്പിക്കും രംഗങ്ങൾ അരങ്ങേറിയത് കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രതിഷേധ മാർച്ചിനിടെ
തൃക്കാക്കര: ഉദ്ഘാടകനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കളക്ടറേറ്റ് വളപ്പിൽ യൂണിയൻ നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മെഡിസെപ്പ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ ജില്ലാ പ്രസിഡന്റ് ആന്റണി സാലുവും ജില്ലാ സെക്രട്ടറി റ്റി.വി. ജോമോൻ എന്നിവർ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കം. ഉദ്ഘാടകനെച്ചൊല്ലി ഇരുവിഭാഗവും ചേരിതിരിഞ്ഞതോടെ ബ്രാഞ്ച് പ്രസിഡന്റിന്റെ താത്കാലിക ചുമതല വഹിക്കുന്ന എ.എൻ സനന്ത് ഉദ്ഘാടന പ്രസംഗം ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ അടക്കം രംഗത്ത് വന്നു. പിന്നീട് ജില്ലാ സെക്രട്ടറി റ്റി .വി ജോമോൻ മൈക്കുമായി പോയത് ജില്ലാ പ്രസിഡന്റ് ആന്റണി സാലുവിന്റെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചതാണ് കൈയാങ്കളിയിൽ കലാശിച്ചത്.