തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം വെമ്പായത്തിന് സമീപം പെരുങ്കുഴിയിലാണ് അപകടം നടന്നത്.
ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മരിച്ച മൂന്ന് പേരും ബൈക്ക് യാത്രക്കാരായിരുന്നു. കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35) എന്നിവരാണ് മരിച്ചത്.
കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേരും ഒരു ബൈക്കിലായിരുന്നു യാത്ര ചെയ്തത്.
മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലുമാണ് മരിച്ചത്.