മജീദ് മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാലുവർഷം പോലീസ് അറിഞ്ഞത് ആഴ്ചകൾക്ക് മുമ്പുമാത്രം, അപ്പോഴേക്കും പ്രതി രാജ്യം വിട്ടു
കൊച്ചി: കേരളത്തിൽ നിന്ന് മജീദ് മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാല് കൊല്ലമായിട്ടും പൊലീസ് അറിഞ്ഞത് ആഴ്ചകൾക്ക് മുമ്പുമാത്രം. ഇക്കാലയളവിൽ നിരവധിപേരെ ഇയാൾ വിദേശത്തേക്ക് കടത്തി ലക്ഷങ്ങൾ വാരിക്കൂട്ടി. ബഹുനില വീടുവച്ചു. ആഡംബരക്കാറുകൾ വാങ്ങിക്കൂട്ടി.
രക്ഷപ്പെട്ടെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനിയായ വീട്ടമ്മ വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് ഇതെല്ലാം കേരള പൊലീസ് അറിഞ്ഞത്. ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ കൊടിയ പീഡനം സഹിച്ചും വിദേശത്ത് തുടരാൻ പലരും തയ്യാറായിരുന്നെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. രക്ഷപ്പെട്ട് തിരിച്ചെത്തിയവർ നാണക്കേടോർത്ത് പരാതിപ്പെടാതിരുന്നതും കേസിലെ ഒന്നാംപ്രതി മജീദ് സുവർണാവസരമാക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയിൽ കേന്ദ്ര രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മജീദിന്റെ തട്ടിപ്പ് റിക്രൂട്ട്മെന്റിനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. കുവൈത്തിലുൾപ്പെടെ ഉന്നതരുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരവും ലഭിച്ചു. വീട്ടമ്മ പരാതി നൽകുമ്പോൾ കണ്ണൂരിലുണ്ടായിരുന്ന മജീദ് ബംഗളൂരു വിമാനത്താവളംവഴി പിന്നീട് കുവൈത്തിലേക്ക് കടന്നു.
മജീദിനായി കൊച്ചി സിറ്റി പൊലീസിലെ ഒരു സംഘം കണ്ണൂരെത്തിയിരുന്നു. ഇയാളെ സഹായിച്ച കോഴിക്കോട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മജീദിന്റെ ബാങ്ക് അക്കൗണ്ടും ഇടപാടുകളും പൊലീസ് പരിശോധിക്കും. മജീദുമായി പണമിടപാട് നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. കേസിൽ കൂടുതൽ ആളുകളുണ്ടോയെന്ന് ഇതിലൂടെ മനസിലാക്കാനാകുമെന്നാണ് വിലയിരുത്തൽ. മജീദിനായി ഉടനെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും.