ഓടുന്ന കാറിൽ യുവതിയെയും ആറുവയസുകാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്തു
റൂർക്കി: ഉത്തരാഖണ്ഡിൽ യുവതിയെയും ആറുവയസുകാരിയായ മകളെയും ഒരു സംഘം യുവാക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഹരിദ്വാറിലെ റൂർക്കിയിലാണ് സംഭവം. യുവതിക്ക് ലിഫ്റ്റ് നൽകിയ ശേഷം ഓടുന്ന കാറിൽ വച്ചായിരുന്നു പീഡനം.
മുസ്ലീം മതകേന്ദ്രമായ പിരാൻ കാളിയാറിൽ നിന്ന് മകളോടൊപ്പം രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്ക് സോനു എന്നയാൾ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയാണ് ഇയാളുടെ പേര് പൊലീസിനോട് പറഞ്ഞത്.
ബലാത്സംഗം ചെയ്ത ശേഷം കനാലിനു സമീപം തള്ളിയെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അർദ്ധരാത്രി തന്നെ യുവതി പൊലീസ് സ്റ്റേഷൻ തേടിയെത്തിയാണ് പരാതിപ്പെട്ടത്.
കാറിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് കൃത്യമായി പറയാൻ യുവതിക്ക് സാധിച്ചിട്ടില്ല. യുവതിയെയും മകളെയും റൂർക്കി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.