നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പിടികൂടിയത് ഒന്നരക്കിലോ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒന്നരക്കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നരക്കിലോ സ്വർണം കഴിഞ്ഞാഴ്ച പൊലീസ് പിടികൂടിയിരുന്നു. ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണം എത്തിച്ച അഴീക്കോട് ചെമ്മാത്ത് പറമ്പിൽ സബീലിനെയും (44) , ഇയാളിൽ നിന്ന് സ്വർണം വാങ്ങി മലപ്പുറത്തേക്ക് കാറിൽ സ്വർണം കൊണ്ടുപോയ മലപ്പുറം സ്വദേശി വള്ളുമ്പറം തൊണ്ടിയിൽ നിഷാജിനെയും (27) പൊലീസ് പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചും വസ്ത്രത്തിൽ പശയോടൊപ്പം സ്വർണത്തരികൾ തേച്ചൊട്ടിച്ചുമായിരുന്നു സബീൽ സ്വർണം കടത്തിയത്.