കാസർകോട്ടെ പ്രവാസിയുടെ കൊലയ്ക്ക് കാരണം ഡോളർ കടത്ത്, പ്രതികൾ ആദ്യം തട്ടിക്കൊണ്ടുപോയത് സഹോദരനെ
കാസർകോട്: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ഡോളർ കടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയേയും ഒരു സംഘം നേരത്തെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ വിട്ടുകിട്ടണമെങ്കിൽ സിദ്ദിഖ് നാട്ടിലെത്തണമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇന്നലെയാണ് സിദ്ദിഖ് ഗൾഫിൽ നിന്ന് എത്തിയത്.
കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഉച്ചയോടുകൂടി സിദ്ദിഖിനെ പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയി. പിന്നീട് മർദിച്ച് അവശനാക്കി സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും ഇവർ ആശുപത്രിയിൽ ഉപേക്ഷിച്ചു. അൻസാരിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.
അതേസമയം, കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പത്തംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ. ഷാഫി, റായിസ് എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നൽകിയതെന്ന് പൊലീസ് അറിയിച്ചു.