കോട്ടയത്ത് സംഘര്‍ഷം; ലാത്തിയടി, കണ്ണീര്‍വാതകം; തിരുവഞ്ചൂരിന് ദേഹാസ്വാസ്ഥ്യം
കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ പോലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
സംഘർഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായാണ് വിവരം. കല്ലേറിൽ പരിക്കേറ്റ കോട്ടയം ഡി.വൈ.എസ്.പി. ജെ.സന്തോഷ് കുമാറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാരിക്കേഡ് തലയിൽ തട്ടിയാണ് ജെ. സന്തോഷ് കുമാറിന് പരിക്കേറ്റത്.
നിരവധി പോലീസുകാർക്കും കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധക്കാർ ജനറൽ ആശുപത്രിയിലേക്കും മാർച്ച് നടത്തി.
പ്രവർത്തകർ കളക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. തുടർന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. ബാരിക്കേഡ് തകർത്ത് മുന്നോട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡിവൈഎസ്പിക്കും പോലീസുകാർക്കും പരിക്കേറ്റത്.