ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ചു; ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ കത്തിനശിച്ചു
അമ്പലപ്പുഴ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചത് ഭീതി പരത്തി. ഇന്നലെരാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങളുമായി കരുനാഗപ്പള്ളിയി ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയിൽ തൂക്കുകുളം ഭാഗത്ത് വെച്ച് തീ പിടിക്കുകയായിരുന്നു. നാട്ടുകാർ ബഹളം ഉണ്ടാക്കിയെങ്കിലും ഡ്രൈവർ ശ്രദ്ധിക്കാതെ മുന്നോട്ടു പോയി. പറവൂർ ജങ്ഷന് വടക്കുഭാഗത്തായി നാട്ടുകാർ മിനിലോറി തടഞ്ഞ് വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. റോഡരുകിലേക്ക് ലോറി ഒതുക്കി ഡ്രൈവർ മാറിയതിനാൽ ആളപായമുണ്ടായില്ല. ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. മിനിലോറിയിൽ ഉണ്ടായിരുന്ന ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ തുടങ്ങിയ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.