നിരവധി കേസുകളിലെ പ്രതികളായ രണ്ട് യുവാക്കൾ ചെന്നുപെട്ടത് പുലർച്ചെ പെട്രോളിന് ഇറങ്ങിയ ബദിയടുക്ക ഐ പി അശ്വതിന്റെ മുന്നിൽ; പോലീസിനെ ഓടി തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ‘സുല്ല്’ പറഞ്ഞു.
ബദിയഡുക്ക: എയർഗണുമായി കവർച ലക്ഷ്യമിട്ട് കാറിൽ കറങ്ങുകയായിരുന്ന വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളായ രണ്ടുയുവാക്കൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉടുമ്പ് നൗശാദ് (25), കത്തി നൗശാദ് (24) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അശ്വതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
പുലർച്ച പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് മുന്നിലാണ് യുവാക്കൾ പെട്ടത്. പൊലീസിനെ കണ്ട് ഇരുവരും കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസുകാരെ ഓടി തോൽപ്പിക്കാൻ സാധിച്ചില്ല.
ഉടുമ്പ് നൗശാദിനെതിരെ വധശ്രമടക്കം നിരവധി കേസുകളും വാറന്റുകളും നിലവിലുള്ളതായി പൊലീസ് വ്യക്തമാക്കി. കത്തി നൗശാദിനെതിരെയും കേസുകളുണ്ട്. കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
ഹൈവേകളിൽ വരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടു നിരവധി കവർച്ചാ സംഘങ്ങളാണ് ഇപ്പോൾ രംഗത്തുള്ളത്. കഴിഞ്ഞദിവസം മംഗലാപുരം പോലീസ് കൊടക് ചുരത്തിലെ മോഷ്ടാക്കളെ കീഴടക്കിയിരുന്നു. രാത്രിയും പുലർച്ചെ നടത്തുന്ന പോലീസ് പട്രോളിങ് ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തൽ.