സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ചു; 100 യൂണിറ്റ് വരെ മാസം 22രൂപ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. 6.6 ശതമാനമാണ് വൈദ്യുതിചാർജിൽ വർദ്ധന വരിക. പ്രതിമാസം അൻപത് യൂണിറ്റ് വരെയുളള ഗാർഹിക ഉപഭോക്താക്കൾക്ക് ചാർജ് വർദ്ധനയില്ല. 51 യൂണിറ്റ് മുതൽ 150 യൂണിറ്റ് വരെ 25 പൈസയുടെ വർദ്ധനയാണ് വരുത്തിയത്. 100 യൂണിറ്റ് വരെ പ്രതിമാസം 22.50 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചിട്ടുളളത്. 150 യൂണിറ്റ് വരെ 47.50 വർദ്ധിക്കും. ബിപിഎൽ പരിധിയിലുളളവർക്ക് വർദ്ധനയില്ല.പെട്ടിക്കടകൾക്ക് കണക്ടഡ് ലോഡ് 2000 വാട്ട് ആക്കി ഉയർത്തി. വൃദ്ധസദനങ്ങൾ, അങ്കൺവാടികൾ, അനാഥാലയങ്ങൾ എന്നിവിടങ്ങിൽ നിരക്ക് വർദ്ധനയില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കും നിലവിലെ ഇളവ് തുടരും. മാരക രോഗമുളളവരുടെ വീടുകളിലും ഇളവുണ്ടാകും. പ്രതിമാസം 40 വാട്ട് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുളളവർക്ക് വർദ്ധനയുണ്ടാകില്ല. 150 യൂണിറ്റ് മുതൽ 200 യൂണിറ്റ് വരെ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് 100ൽ നിന്ന് 160 ആയി. 200-250 യൂണിറ്റ് സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് 80 രൂപ എന്നതിൽ നിന്ന് 100 രൂപയായും ചാർജ് കൂട്ടി. കാർഷിക മേഖലയിലും വൈദ്യുതിചാർജ് വർദ്ധനയുണ്ട്. ഫിക്സഡ് ചാർജ് 10ൽ നിന്നും 15 രൂപയായാണ് ഉയർത്തിയത്.