കെട്ടിടം താഴ്ന്നു പോകുന്നതറിഞ്ഞ് പ്രീതി കുഞ്ഞിനെയും എടുത്ത് പുറത്തേക്കോടി; ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്സ് തകർന്നുവീണു
ഗുരുവായൂർ: കാലപ്പഴക്കത്തെ തുടർന്ന്, ഗുരുവായൂർ തെക്കേനടയിലെ ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്സിലെ സി ബ്ലോക്കിലെ കെട്ടിടം തകർന്നുവീണു. താഴത്തെ നിലയിൽ താമസക്കാരില്ലാത്തതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം.സി ബ്ലോക്കിൽ 7 മുതൽ 12 വരെയുള്ള ക്വാർട്ടേഴ്സുകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ചുമർ തകർന്ന് മുകളിലെ നിലകൾ താഴെ പതിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും ഓരോ വീട്ടുകാർ താമസിക്കുന്നുണ്ട്. ഒന്നാം നിലയിൽ ക്ഷേത്രം വാച്ച് വുമൺ കെ.ജയശ്രീയും കുടുംബവുമാണ് താമസിക്കുന്നത്. രണ്ടാം നിലയിൽ ക്ഷേത്രം വാച്ച്മാൻ പി.ഉണ്ണിക്കൃഷ്ണനും കുടുംബവുമാണ് താമസം. അപകടം നടക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പുറത്തും ജയശ്രീ ക്ഷേത്രത്തിലുമായിരുന്നു. ജയശ്രീയുടെ അമ്മ ദേവയാനിയും ഒമ്പത് വയസുകാരിയായ മകൾ ശ്രേയയും ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രീതിയും ആറ് വയസുകാരി മകൾ ശ്രീപാർവതിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കെട്ടിടം താഴേയ്ക്ക് പോകുന്നതറിഞ്ഞ് പ്രീതി മകളെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.ജയശ്രീയുടെ അമ്മ ദേവയാനി ശ്രേയയെയും എടുത്ത് പുറത്തേയ്ക്ക് ഓടാൻ ശ്രമിച്ചെങ്കിലും താഴെ വീണു. മുകളിൽ നിന്നും പ്രീതിയെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. വിവരമറിഞ്ഞ് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.വി.മോഹനകൃഷ്ണൻ , സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംഭവ സ്ഥലത്തെത്തി. താമസക്കാരെ താത്കാലികമായി പാഞ്ചജന്യം ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. സി ബ്ലോക്കിലെ മറ്റ് താമസക്കാരെ താമരയൂരിലെ ദേവസ്വം ക്വാർട്ടേഴ്സിലേയ്ക്കും മാറ്റി.അരനൂറ്റാണ്ടോളം പഴക്കം