സിമൻ്റ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു
ചിറ്റാരിക്കാൽ: സിമൻ്റ് കയറ്റിവന്ന ലോറി പാലത്തിൻ്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കുന്നുങ്കൈ പരപ്പച്ചാലിലാണ് ശനിയാഴ്ച രാവിലെ അപകടമുണ്ടായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അങ്ങാടിക്കാട്ടിൽ ഹബീബ് (50) ആണ് മരിച്ചത്. മണ്ണാർക്കാട്ടെ റഹീമിനാണ് പരുക്കേറ്റത്.
പരപ്പച്ചാൽ പാലത്തിൻ്റെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ലോറി ക്ലീനർ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിലാണ്.
പാലക്കാട് നിന്നും നീലേശ്വരം വഴി വെള്ളരിക്കുണ്ട് ഭാഗത്തേക്ക് സിമന്റ് കൊണ്ടുവരികയായിരുന്ന നാഷനൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപെട്ടത്. അപകടം നടന്ന ഉടനെ ഓടികൂടിയ നാട്ടുകാരും പൊലീസും അഗ്നിശന രക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തിയാണ് ലോറിയിൽ കുടുങ്ങിയ ക്ലീനറെയും ഡ്രൈവറെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.