നടന് റായ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: പ്രശസ്ത ഒഡിയ നടനായ റായിമോഹന്‍ പരീദയെ (58) മരിച്ച നിലയില്‍ കണ്ടെത്തി. റായിമോഹനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കുടുംബാംഗങ്ങളാണ്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സാഹചര്യ തെളിവുകള്‍ വച്ച് ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണകാരണം അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രതീക് സിങ് അറിയിച്ചു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റായിമോഹന്‍. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബംഗാളി ചിത്രങ്ങളിലും വേഷമിട്ടു. രാമ ലക്ഷ്മണ്, നാഗ പഞ്ചമി, രണ ഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്.