കാസർകോട് യുവാവിനെ വീട് കയറി അക്രമിച്ചു ; 6 പേർക്കെതിരെ കേസ്
ആദൂർ: സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വീട് കയറി അക്രമിച്ചെന്ന പരാതിയിൽ ആറുപേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. ബോവിക്കാനം പൊവ്വലിലെ മുഹമ്മദ് ശാനിഫാദി (33) നെ ആക്രമിച്ചെന്നാണ് പരാതി. മലപ്പുറം ജില്ലയിലെ സവാദ്, സലീം, സുലൈമാൻ, ബശീർ, ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാഫി, ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പഴയ സ്വർണം വാങ്ങി ഉരുക്കി വിൽപന നടത്തുന്നയാളാണ് മുഹമ്മദ് ശാനിഫാദ്. ബെംഗ്ളുറു, ചെന്നൈ എന്നിവിടങ്ങളിൽ കടകൾ നടത്തുന്നുണ്ട്. വ്യാപാരത്തിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ ശാനിഫാദ് വാങ്ങിയിരുന്നതായും അത് സംബന്ധിച്ചുള്ള തർക്കങ്ങളെ തുടർന്നാണ് ആക്രമണം നടന്നതെന്നുമാണ് പറയുന്നത്.
തുടക്കകാലത്ത് ലാഭവിഹിതം നൽകിയിരുന്നുവെന്നും പിന്നീട് നൽകിയില്ലെന്നുമാണ് ആക്ഷേപം. നൽകിയ ലക്ഷങ്ങൾ തിരികെ നൽകിയില്ലെന്ന് പറഞ്ഞുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.