പച്ചക്കറിക്കൊപ്പം കഞ്ചാവും വിറ്റു; വയനാട്ടില്‍ യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: നഗരത്തില്‍ പച്ചക്കറി വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ തലശ്ശേരി ചിറക്കര ചമ്പാടാന്‍ വീട്ടില്‍ ജോസ് എന്ന മഹേഷാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 530 ഗ്രാം കഞ്ചാവും 3000 രൂപയും പിടിച്ചെടുത്തു. പച്ചക്കറി വില്‍പ്പന നടത്തുന്നുവെന്ന വ്യാജേന സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കലായിരുന്നു ഇയാളുടെ പ്രധാന പരിപാടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍ഡിപിഎസ് ആക്ട് പ്രകാരം പ്രതിയെ കല്‍പ്പറ്റ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി അനൂപ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം എ സുനില്‍കുമാര്‍, വി കെ വൈശാഖ്, സി കെ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
മാസങ്ങള്‍ക്ക് മുമ്പ് പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് അടക്കമുള്ള ലഹരിവസ്തുക്കള്‍ കടത്തുന്നതിനിടെ മുത്തങ്ങ ചെക്പോസ്റ്റില്‍ യുവാക്കള്‍ പിടിയിലായിരുന്നു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലും പച്ചക്കറി ചാക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവം ഉണ്ടായിരുന്നു. വലിയ ലോറികളില്‍ പച്ചക്കറി പോലുള്ള ലോഡിനൊപ്പം ഹാന്‍സ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നതായി ആരോപണമുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ യഥാവിധി പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ ഇല്ല.