മര്‍ചന്റ് നേവി ജീവനക്കാരന്റെ വീട്ടിൽ ജനൽ കമ്പി തകർത്ത് കവർച്ച; 30 പവൻ സ്വർണവും 4 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി
ബേക്കൽ: മര്‍ചന്റ് നേവി ജീവനക്കാരന്റെ വീട്ടിൽ നിന്നും 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവര്‍ന്നതായി പരാതി. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്തെ വടക്കന്‍ മുനീറിന്റെ ഇരുനില വിട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുകളിലെ ജനല്‍ പാളി തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് നിഗമനം. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. സാധാരണ പുലർചെ നാല് മണിക്ക് എഴുന്നേൽക്കാറുള്ള മുനീര്‍ വെള്ളിയാഴ്ച ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. മയങ്ങാനുള്ള രാസവസ്തുസ്പ്രേ ചെയ്ത് ബോധം കൊടുത്തിയാണ് കവര്‍ച നടത്തിയതെന്ന് സംശയിക്കുന്നു. തൊട്ടടുത്ത മറ്റൊരു വീട്ടിലും പൂട്ട് തകര്‍ത്ത് കവര്‍ചാ ശ്രമം നടന്നിരുന്നു.
ബേക്കല്‍ പൊലീസും, വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. സമീപത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.