ഖാദി ദേശീയ വികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജന്
ഖാദി സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
കാസർകോട് :ദേശീയപ്രസ്ഥാനത്തോടൊപ്പം ജന്മംകൊണ്ട ഖാദി ഓരോ ഇന്ത്യക്കാരന്റെയും ദേശീയ വികാരമാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് പറഞ്ഞു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ ചേമ്പറില്‍ ഖാദി സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം ഖാദി മേളയുടെ പ്രചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ ജീവനക്കാരുടെ ഇടയില്‍ ഖാദിയോടുള്ള ആഭിമുഖ്യം അറിയുന്നതിനാണ് സര്‍വേ സംഘടിപ്പിക്കുന്നത്.കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് രണ്ടു ദിവസത്തെ ഖാദിമേള നടത്തുന്നതിനു ജില്ലാ കളക്ടര്‍ എല്ലാ പിന്തുണയും അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
നൂറ് വര്‍ഷം മുമ്പ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലാണ് സ്വദേശി വസ്ത്ര പ്രസ്ഥാനം ആരംഭിച്ചത്. ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്ന മഹാകവി കുട്ടമത്തും, വിദ്വാന് പി കേളു നായരും ചര്‍ക്ക പ്രസ്ഥാനത്തിന്റെ പ്രചാരകരായിരുന്നു. എന്നാല്‍ ഇന്ന് ഖാദി മേഖലയില്‍ പണിയെടുക്കുന്നവര്‍ വലിയ പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് മഹാമാരി മൂലം വിപണനം സ്തംഭിച്ച അവസ്ഥയാണ്. ഖാദി തൊഴിലാളികള്‍ക്ക് കൂലിയും മറ്റു ആനുകൂല്യങ്ങളും നല്കാനില്ലാത്ത അവസ്ഥയായിരുന്നു. തൊഴിലാളികളെ സഹായിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആഴ്ച്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രങ്ങള്‍ ധരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആ ഉത്തരവിനെ എല്ലാവരും സംഘടനാ വ്യത്യാസമില്ലാതെ സ്വീകരിച്ചു. ഈ വരുന്ന ഓണം, ബക്രീദ് സീസണില്‍ വില്പനയില് വലിയ കുതിപ്പു നടത്താനാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം 150 കോടി വിറ്റുവരവാണ് ലക്ഷ്യമെന്നും പി ജയരാജന് പറഞ്ഞു.
ചൂടിനെയും തണുപ്പിനെയും ക്രമീകരിക്കാന്‍ പറ്റുന്ന പരിസ്ഥിതി സൗഹൃദമായ വസ്ത്രമാണ് ഖാദി. വൈവിധ്യവത്കരണത്തിന്റെ പാതയിലാണ് നിലവില്‍ ഖാദി ബോര്‍ഡ്. ആധുനിക വസ്ത്രധാരണ രീതിയ്ക്ക് അനുയോജ്യമായി പാന്റ്സ് തുണി, കുട്ടി കുപ്പായങ്ങള്‍, വിവിധ ഡിസൈനുകളിലുളള സാരികള്‍, സ്ത്രീക്കുള്ള ടോപ്പുകള്‍ എന്നിവയും ഖാദി ബോര്‍ഡ് വിപണിയിലെത്തിക്കും. ബക്രീദ് , ഓണം എന്നിവയോടനുബന്ധിച്ച് നടക്കുന്ന ഖാദി മേളകളില്‍ ഇവ ലഭ്യമായി തുടങ്ങും. ജൂലൈ ഒന്നു മുതല്‍ എട്ടു വരെ 30 ശതമാനം റിബേറ്റോടുകൂടി ഖാദി മേളകള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് രണ്ടു മുതല്‍ സെപ്റ്റംബര്‍ എട്ടു വരെ 30 ശതമാനം റിബേറ്റോടുകൂടി ഓണത്തോടുനുബന്ധിച്ച ഖാദി മേളയും സംഘടിപ്പിക്കും. വസ്ത്രേതര ഉത്പന്നങ്ങളുടെ വിപണനത്തിലേക്കും ഖാദി ബോര്‍ഡ് കടക്കുന്നതിന്റെ ഭാഗമായി ശുദ്ധമായ തേനും, എള്ളെണ്ണയും ഖാദി ഔട്ട്ലെറ്റുകളില് നിന്ന് ലഭ്യമാണ്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷയായി. ഖാദി ബോര്‍ഡ് ഡയറക്ടര്‍ പി.സി. മാധവന് നമ്പൂതിരി, ഖാദി കാസര്‍കോട് പ്രൊജക്ട് ഓഫിസര്‍ എം.വി. മനോജ്കുമാര്‍, കാഞ്ഞങ്ങാട് ഏജന്‍സി മാനേജര്‍ വി.വി.രമേശന്, ടി.വി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.