ഇംഗ്ളീഷ് അക്ഷരങ്ങൾ പറഞ്ഞില്ല; നാലുവയസുകാരനെ ക്രൂരമായി മർദിച്ച് ട്യൂഷൻ അദ്ധ്യാപകൻ
കൊച്ചി: പള്ളുരുത്തിയിൽ നാലുവയസുകാരന് അദ്ധ്യാപകനിൽ നിന്ന് ക്രൂരമർദനമേറ്റു. തക്ഷശില ട്യൂഷൻ സെന്റർ അദ്ധ്യാപകൻ നിഖിലാണ് എൽ കെ ജി വിദ്യാർത്ഥിയായ കുട്ടിയെ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കുട്ടി മർദനത്തിനിരയായത്.
ചൊവ്വാഴ്ച കുട്ടിയ്ക്ക് പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കാലിൽ അടിച്ചതിന്റെ പാടുകൾ കണ്ടെത്തിയത്.
ഇംഗ്ളീഷ് അക്ഷരങ്ങൾ പറയാത്തതിനാലാണ് മർദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ അദ്ധ്യാപകനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തു. നിഖിൽ ഇപ്പോൾ റിമാൻഡിലാണ്.