ഹൈദരാബാദ്: തെലങ്കാന ഭരണകക്ഷിയായ ടി.ആര്.എസും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ അണിചേര്‍ന്നു. പൗരത്വ നിയമത്തിനും എന്‍.ആര്.സിക്കുമെതിരെ പ്രതിഷേധിക്കാന്‍ നിസാമാബാദില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തതോടെയാണ് ടി.ആര്.എസിന്റെ നിലപാട് വ്യക്തമായത്.
ഇടതുപാര്‍ട്ടികളും ബി.എസ്.പിയും പങ്കെടുത്ത യോഗത്തിലാണ് ടി.ആര്.എസ് പങ്കെടുത്തത്. സഖ്യകക്ഷിയായ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉവൈസി തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവുവിനെക്കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് നിസാമാബാദില്‍ നടന്ന പ്രതിഷേധത്തില്‍ ടി.ആര്.എസ് എം.എല്‍.എമാരായ മുഹമ്മദ് ഷക്കീല്‍ അമീര്‍, ജെ. സുരേന്ദര്‍, നിസാമാബാദ് ജില്ലാ പരിഷദ് നേതാവ് ഡി. വിട്ടല്‍ റാവു, പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് ഇ. ഗംഗാ റെഡ്ഢി എന്നിവര്‍ പങ്കെടുത്തു. എന്‍.പി.ആര് സംസ്ഥാനത്തു നടപ്പിലാക്കില്ലെന്ന് റാവു ഉറപ്പുനല്‍കിയതായി ഉവൈസി പറഞ്ഞു .പാര്‍ലമെന്റിന്റെ ഇരുസഭകളിലും പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തെങ്കിലും ടി.ആര്.എസ് ഒരുഘട്ടത്തിലും നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ അതിനോടുള്ള അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.ഇപ്പോഴാണ് പരസ്യമായി ടി.ആര്.എസ് രംഗത്തുവന്നത് .