നടൻ ഖാലിദ് അന്തരിച്ചു, മരണം വൈക്കത്തെ ഷൂട്ടിങ് ലൊക്കേഷനിൽ
കൊച്ചി: ചലച്ചിത്രനടൻ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
കോട്ടയം വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയിൽ പോയ ഇദ്ദേഹം ഏറെ നേരമായിട്ടും വരാതിരുന്നതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ചെറിയ പരിക്കും ഏറ്റിട്ടുണ്ട്.
വെെക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ടൊവിനൊ ഉൾപ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്.
നിരവധി നാടകങ്ങളിലും സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൊച്ചിൻ സനാതനയുടെ എഴുന്നെള്ളത്ത്, ആലപ്പി തിയേറ്റേഴ്സിന്റെ ഡ്രാക്കുള അഞ്ചാം തിരുമുറിവ് തുടങ്ങിയവയാണ് വേഷമിട്ട പ്രധാന നാടകങ്ങൾ. 1973-ൽ പുറത്തിറങ്ങിയ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.