ബൈക്കുകളിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ അമിതവേഗത്തിൽ സഞ്ചാരം; യുവാക്കളെ കെണിയിലാക്കാനൊരുങ്ങി പൊലീസ്
കാസർകോട്: നമ്പർ പ്ലേറ്റ് ഇല്ലാതെ ബൈക്കോടിച്ചതിന് യുവാവ് പിടിയിൽ. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നയാബസാറിൽ നിന്നാണ് പാറപ്പള്ളി സ്വദേശി ജെ പി ജാബിർ(21)നെ പൊലീസ് പിടികൂടിയത്.റോഡരികിലെ ക്യാമറയിൽ പതിയുമ്പോൾ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പർ മാറ്റിയതെന്നാണ് ജാബിർ പൊലീസിന് നൽകിയ മറുപടി. ജാബിറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബൈക്ക് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജാബിറിന്റെ മാതാവിന്റെ പേരിലാണ് ആർ സിയെന്ന് പൊലീസ് പറഞ്ഞു. ആർ സിയും ലൈസൻസും സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൊസ്ദുർഗ് എസ് ഐ കെ പി സതീഷ് പറഞ്ഞു.നിരവധി ബൈക്കുകളാണ് നമ്പർ പ്ലേറ്റ് അഴിച്ചുവച്ചും നമ്പർ മറച്ചും നിരത്തുകളിൽ ചീറിപ്പായുന്നത്. അമിത വേഗത്തിലാണ് ഇവരുടെ സഞ്ചാരം പൊലീസ് കൈനീട്ടിയാലും നിർത്തില്ല. നമ്പർ നോക്കി പിടിക്കാനും പറ്റില്ല. ഇത്തരത്തിൽ കാഞ്ഞങ്ങാട്ടുമാത്രം പത്തിലേറെ ബൈക്കുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു.