രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ്; 24 മണിക്കൂറിൽ 17,336 പുതിയ രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 88,284 ആയി ഉയർന്നു. ഇതുവരെ രോഗം ബാധിച്ചത് 4,33,62,294 പേർക്കാണ്. 13 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,24,954 ആയി. രോഗമുക്തി നിരക്ക് 98.60 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3.94 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.അതേസമയം, 3981 പേർക്കാണ് കേരളത്തിൽ ഇന്നലെ കൊവിഡ് സ്ഥീരികരിച്ചത്. മുൻ ദിവസത്തേക്കാൾ 91 പേരുടെ വർദ്ധന ഉണ്ടായിട്ടുണ്ട്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലും 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. നിലവിൽ 25,969 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. ഏഴ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 69,935 ആയി.