‘മാട്ടക്കണ്ണന്റെ ‘ മൊഴി; മയക്കുമരുന്ന് ഡീലറെ പൊക്കി പോലീസ്
ആലപ്പുഴ: മാരക മയക്കുമരുന്നുകളുടെ വിതരണക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സുര്യനഗർ കുട്ടമശ്ശേരി കീഴ്മാട് കോതേലിപ്പറമ്പ് വീട്ടിൽ സുധീഷ് (40) ആണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ, കഞ്ചാവ്, ഹാഷീഷ് ഓയിൽ എന്നിവയുമായാണ് യുവാവ് പിടിയിലായത്. ജില്ലാ പൊലീസിന്റെ ആന്റി നെർകോട്ടിക്സ് വിഭാഗവും മണ്ണഞ്ചേരി പൊലീസും ചേർന്നാണ് പ്രതിയെ ആലുവയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് നിരവധി ക്രിമിനൽ കേസിലെ പ്രതിയായ മാട്ടകണ്ണനെയും മറ്റ് അഞ്ച് പേരെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും ചേർന്ന് പിടികൂടിയിരുന്നു. ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നത് സുധീഷായിരുന്നു പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് അന്വേഷണ സംഘം ആലുവയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയില്‍ കൂടുതൽ അളവിൽ മയക്കുമരുന്നുകളും കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തു.