സി പി എം പ്രവര്‍ത്തകനെ മര്‍ദിച്ചത് എസ് ഡി പി ഐക്കാരെന്ന് പരാതി, ബലമായി വാള് കൈയില്‍ പിടിപ്പിച്ചെന്നും മൊഴി
കോഴിക്കോട്: ബാലുശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ബാലുശ്ശേരി പാലോളിമുക്കില്വെച്ചാണ് ജിഷ്ണു രാജ് എന്ന സി.പി.എം. പ്രവർത്തകന് ക്രൂര മർദ്ദനം. മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണമേറ്റത് സിപിഐഎം പ്രവർത്തകൻ ജിഷ്ണുവിനാണ്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. എസ്ഡിപിഐ യുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചാണ് സംഘം ജിഷ്ണുവിനെ ആക്രമിച്ചത്.
ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. മർദ്ദനത്തിന് ശേഷം സംഘം ജിഷ്ണുവിന്റെ കെെയ്യിൽ വാൾ പിടിപ്പിച്ചു. പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും സിപിഐഎം ആരോപിച്ചു. രണ്ട് മണിക്കൂറോളം തടഞ്ഞ് വെച്ച് മർദ്ദിച്ച ശേഷമാണ് ജിഷ്ണുവിനെ സംഘം ബാലുശ്ശേരി പൊലീസിൽ ഏൽപ്പിച്ചത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.അതേസമയം, കൈയിലുള്ള വടിവാള്‍ ആക്രമിക്കാന്‍ എത്തിയവര്‍ തന്റെ കൈയില്‍ പിടിപ്പിച്ചതാണെന്നാണ് ജിഷ്ണുരാജിന്റെ മൊഴി.സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുപ്പതോളം പേര് ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. കണ്ണിനും മുഖത്തിനും പരിക്കേറ്റ ജിഷ്ണുരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.